2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ഒരു ചിരിയുടെ ഓര്‍മ്മക്ക്

ജോലിക്ക് പോകാനുള്ള എളുപ്പം കണക്കിലെടുത്താണ് ഒരു ഫ്ലാറ്റ്ലേക്ക് മാറിയത്. എന്നും രാവിലെ തിരക്കിട്ട് നടന്നു പോവുക പതിവാണ്. എങ്കിലും ബസ്‌ പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഫ്ലാറ്റില്‍ നിന്നുള്ള വഴിയില്‍ രണ്ടാമത്തെ വളവില്‍ ഞാന്‍ സ്പീഡ് കുറയ്ക്കും. ചിരിക്കാന്‍ അറിയാത്ത ഒരു ഒന്നാം ക്ലാസ്സ്‌കാരിക്ക് വേണ്ടി...

ഇപ്പോള്‍ ഒരു സംശയം തോന്നുന്നുണ്ടാകും. നിഷ്കളങ്കമായ കുഞ്ഞു മനസിന്‌ ചിരിക്കാന്‍ അറിയില്ലേ?? അവരുടെ പുഞ്ചിരികള്‍ അല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്?? 
ഞാനും അത് തന്നെ ആണ് ആഗ്രഹിക്കുന്നത്. പക്ഷേ......
എന്നും അവളുടെ ഒപ്പം അവളുടെ അമ്മയും കാണും. അവളെ സ്കൂള്‍ ബസില്‍  കേറ്റാന്‍. രണ്ടു പേരും അച്ചില്ലിട്ടു വാര്‍ത്ത പോലെ സാമ്യം. കടന്നല്‍ കുത്തിയ മുഖവും ആയി നില്‍ക്കുന്ന അമ്മയും മകളും.
ഇപ്പോള്‍ നിങ്ങള്ക്ക് കാര്യം ഏകദേശം മനസിലായില്ലേ?? 
അമ്മയെ പേടിച്ചിട്ട് പാവം ചിരിക്കാതെ നില്ക്കാണ്. എങ്കിലും എന്നും പോകുമ്പോള്‍ ഞാന്‍ ഒരു പുഞ്ചിരി കൈമാറും. അവള്ക്ക് മാത്രം.  ഒരു ദിവസം വൈകീട്ട് ഞാന്‍ ബസ്‌ ഇറങ്ങി നടന്നു പോവുകയാണ് ഫ്ലാറ്റിലേക്ക്. അപ്പോള്‍ അതാ അവള്‍ ഒരു ചുവന്ന ഉടുപ്പും ഇട്ടു അമ്മയുടെ കൈ പിടിച്ചു നടന്നു വരുന്നു. അല്ല അമ്മ അവളെ പിടിച്ചു വലിക്കുന്ന പോലെയാ നമുക്ക് തോന്നുക.. വീണ്ടും ഞാന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു. അവളുടെ അമ്മ ആരെയോ കണ്ടു സംസാരിച്ചു നില്‍പ്പായി. ഞാന്‍ അവരെ കടന്നു പോയി. മനസ്സില്‍ എന്തോ ഇത്തരം ക്രൂരത കാണിക്കുന്ന മനുഷ്യപറ്റിലാത്ത ആളുകളെ ഓര്‍ത്തു മുന്നോട്ട് നടക്കുകയായിരുന്നു പെട്ടെന്നു തിരിഞ്ഞു നോക്കി. 
അവള്‍ എന്നെ നോക്കി നില്‍ക്കുന്നു... ചിരിച്ചു കൊണ്ട്...