2016 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

കുഞ്ഞി കാറ്റ് - ബീന സി എം

പിറകുവശത്തെ ഡോറില്‍ തൂങ്ങിയാടാന്‍ ഇന്നിനി ആരും മുതിരില്ല. എല്ലാവരും യുണിഫോംന്റെ ബലത്തില്‍ പേടിച്ചു ഒതുങ്ങുന്ന പാവം പോലീസ്കാരന്‍ രാജന്‍ സര്‍ ഡ്യൂട്ടി കഴിഞ്ഞ് ബസ്സിലേക്ക്. അന്നത്തെ സാമാന്യം തിരക്ക് നിറഞ്ഞ ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍ കേറിപ്പറ്റുമ്പോള്‍ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. ബസ്‌ സ്റ്റാന്ഡില്‍ എത്തും വരേ സുഖമായി ഉറങ്ങണം. 2 ദിവസത്തെ അടിപ്പിച്ചുള്ള മന്ത്രിമാരുടെ വരവും പോക്കും പിന്നെ കുറെ നൂലാമാലകളും ആയി ഉറക്കം കയാലപ്പുറത്തെ തേങ്ങ പോലെ ആയിരുന്നു.

രാഷ്ട്രീയ പിന്ബലം ഇല്ലാത്തതുകൊണ്ടും ആരുടേയും ഏറാന്മൂ ളി ആവാന്‍ കഴിയാത്തത് കൊണ്ടും വകുപ്പ് തല ടെന്നീസ് ടൂര്ണംമെന്റില്‍ പെട്ട് അവസാനം 6മത്തെ സ്ഥലത്ത്,അല്പം കൂടെ ഭേദപെട്ട തൃശൂര്‍ ടൌണ് ‍ കിട്ടിയിട്ട് ആഴ്ച ഒന്ന് തികയുന്നെ ഉള്ളൂ. ഇന്സ്പെക്ടര്‍ ഭരതന്‍ സാറിന്റെട വാക്കില്‍ പറഞ്ഞാല്‍ “ എടോ ഈ ഓണംകേറാമൂലകളാ മ്മക്ക് പറ്റ്യേ സ്ഥലം. ടൌണിലായാ റിസ്ക്‌ ജാസ്ത്യാ. ച്ചിരി മിണ്ണുങ്ങാന്‍ കൂടെ ടൈം കിട്ടില്ല...”
ജലസേവയെക്കുറിച്ചാണ് വിദ്വാന്‍ പറയുന്നത് എന്ന് കരുതി ചിരിച്ചു നടന്നു നീങ്ങിയപ്പോളും ഇങ്ങനെ ഉണ്ണാവ്രതം എടുക്കേണ്ടി വരും എന്ന് കരുതിയില്ല. 2 ദിവസം അടുപ്പിച്ചു ഡ്യൂട്ടി. ആകെ ഭക്ഷണം രാവിലെ കഴിച്ച ബ്രേക്ക്‌ഫാസ്റ്റ്  പിന്നെ ഒരു സമാധാനത്തിനു കാലിച്ചായയും ബിസ്ക്കറ്റും 2-3 മണിക്കൂര്‍ കൂടുമ്പോ..

സ്ത്രീകളുടെ മുന്കാല പ്രാബല്യമുള്ള സീറ്റുകള്‍ കഴിഞ്ഞ് പിന്നെ ഒഴിഞ്ഞ സീറ്റില്‍ അങ്ങ് ഇരുപ്പുറപ്പിച്ചു.കണ്ടക്ടര്‍ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. 2 ദിവസത്തെ ഇടവേളക്ക് ശേഷം ആണലോ കാണുന്നത്.അതായിരിക്കാം. അല്ലെങ്കില്‍ ഇനി പൈസ കിട്ടിയില്ലെങ്കിലോ എന്ന ശങ്കയും കാണും.അയാള്‍ വേഗം പേഴ്സില്‍ നിന്ന് ഒരു 20 രൂപാ നോട്ടെടുത്ത് കൈയില്‍ പിടിച്ചു. ഇളിഞ്ഞ മുഖവുമായി കണ്ടക്ടര്‍ അതാ ഹാജര്‍.കാശ് കൊടുത്തു ബാക്കി നല്കി അയാള്‍ വീണ്ടും അപ്രത്യക്ഷനായി.
കൂട് വിട്ടു കൂട് മാറല്‍ തുടങ്ങിയിട്ട് വര്ഷം 10 ആവുന്നു.കുടുംബം എന്ന so called ചട്ടകൂട്ടിലേക്ക് സിന്ധു വന്നിട്ട് 6 വര്ഷ മായി. പരിഭവം ഇല്ലാതെ അമ്മക്ക് ഒപ്പം അവള്‍ നാട്ടില്‍. ഏതൊരു ഒഴിവുകാലവും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാന്‍ പറയുന്നു ഒരു കുഞ്ഞുടുപ്പു തുന്നാന്‍.. മരുന്നുകള്‍.. യാത്രകള്‍.. വഴിപ്പാടുകള്‍ ... എല്ലാം.. മുറ തെറ്റാതെ ചെയ്തിട്ടും.. ഫലമില്ലാതെ.. ഒടുക്കം ഒരു നിര്വിയകാരതയുടെ പുതപ്പിട്ടു ഉറക്കം നടിക്കുന്നു.

ഓര്മ്മകള്‍ എല്ലാം കോരിയെടുത്തു ഒരു ഒഴുക്കില്‍ തള്ളിവിട്ട അയാള്‍ പിന്നെ കണ്ണ് തുറന്നത് മൊബൈല്ഫോണ്‍ വൈബ്രെഷന്‍ മൂലമാണ്. സിന്ധു വിളിക്കുന്നു.കാള്‍ ബട്ടണ്‍ അമര്ത്തി  ഫോണ്‍ ചെവിയോടു ചേര്ത്തു  പിടിച്ചു. സീറ്റുകള്‍ കസേരകളിയിലെന്നപോലെ മാറി മറിയുന്ന ലോക്കല്‍ ബസില്‍ മുന്സീറ്റിലെ കോളേജ് കുമാരികള്‍ റീപ്ലേസ്ഡ്.പകരം മോണ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞും അവളുടെ അമ്മയും.
“രാജേട്ടാ........ഇങ്ങള്‍ എവട്യ? ഡ്യൂട്ടി കഴിഞ്ഞാ?” ഇത്തിരി പതം വന്ന സ്വരം. “ഉവ്വ്.... ഞാന്‍ ബസ്സിലാ ..ന്ത്യെ?” ഉറക്കം തളര്ത്തിയ നാവുമായി അയാള്‍ മൊഴിഞ്ഞു.
“അത്യേ..ഒരു സന്തോഷവാര്ത്തായിണ്ട്. ഇത്രേം നേരം കാത്തിരിക്കര്ന്നു ”
“എന്താ ത്രക്ക് സന്തോഷം? നിനക്ക് ലോട്ടറിയടിച്ചോ?”

മുന്സീ്റ്റിലെ കുഞ്ഞു അമ്മയുടെ തോളത്ത് കിടന്നു രാജന്‍ സാറിന്റെ ചുണ്ടനക്കങ്ങള്‍ ശ്രദ്ധിച്ചിരുപ്പാണ്. അവള്‍ ഒരു കൈ കൊണ്ട് സീറ്റിന്റെ കമ്പിയില്‍ മുറുക്കെ പിടിച്ചിരിക്കയാണ്‌. ചെറിയ പുഞ്ചിരിയോടെ രാജന്‍ സര്‍ അതിനടുത്തു പിടിച്ചു. കാന്തികത ആണോ അറിയില്ല,ആ കുഞ്ഞ് കൈ രാജന്‍ സാറിന്റെ കൈയുടെ മുകളില്‍ വെച്ചു.
“ലോട്ടറി ആയി കൂട്ടിക്കോ.. ഇന്നേ ഞാനൊന്നു വയ്യാണ്ട് വീണുവേ.. റേഷന്കടടേടെ അവടെ വെച്ച്.. സീമ കൂടെയിണ്ടാര്ന്നു .. അവരെല്ലാരും കൂടെ ന്നെ ആശുത്രിയില്‍ കൊണ്ടോയി..”  പരിഭ്രാന്തിയോടെ അയാള്‍ കൈ എടുത്തുമാറ്റി. അദേഹത്തെ സാകൂതം വീക്ഷിക്കുന്ന കുഞ്ഞാകട്ടെ പെട്ടന്നുള്ള ഭാവമാറ്റത്തില്‍ അല്പം നീരസത്തോടെ രാജന്‍ സാറിനെ നോക്കി.

“ഇയ്യൊന്നു തെളിച്ചു പറയുണ്ടോ സിന്ധോ.. ന്താ ഇണ്ടായേ.. ഞാന്‍ അങ്ങട് വരണോ?” അയാള്‍ വെപ്പ്രാളപെട്ട് ചോദിച്ചു.
“ഇത്ര പറഞ്ഞിട്ടും മനസിലായില്ലേ? ഇങ്ങള്‍ അച്ഛന്‍ ആവാന്‍ പോവാ.. മ്മടെ ദുഖം ഒക്കെ ദൈവം ഏറ്റെടുത്തു ഏട്ടാ.. ഇത്തിരികൂടെ ശ്രദ്ധിച്ചാല്‍ കുഞ്ഞിനെ ഭദ്രായി കൈയീ തരാന്നാ ഡോക്ടര്‍ പറേണേ...”
അവള്‍ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ആ കുഞ്ഞ് കൈകൊണ്ട് കാറ്റിനെ പിടിക്കുംപോലെ തന്നെ മാടി വിളിക്കുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും മെല്ലെ മുഖം മുന്നോട്ടാഞ്ഞു. ആ മൃദുലമായ കുഞ്ഞികൈയാല്‍ അവള്‍ അയാളുടെ മീശ പിടിച്ചു. നിറഞ്ഞ പുഞ്ചിരി അവരിലിരുവരിലും. ഒരാളുടെ കണ്ണ്‍ നിറഞ്ഞു തുളുമ്പുന്നു. മറ്റൊരാള്‍ സന്തോഷംകൊണ്ട് ഉമിനീരെല്ലാം പാലരുവിപോലെ ഒഴുകി.

കുഞ്ഞികരങ്ങള്‍ അയാളില്‍ നിന്ന് അടര്ത്തി മാറ്റപെട്ടത് അയാള്‍ അറിഞ്ഞില്ല. ഭാര്യയുടെ സന്തോഷം നിറഞ്ഞ മുഖവും ഓര്ത്തയാള്‍ സീറ്റിലേക്ക് ചേര്ന്നി രുന്നു.നിര്വൃുതിയോടെ നിശ്വസിച്ചു.അപ്പോഴും കണ്ണിരുറവകള്‍ വറ്റിയിരുന്നില്ല.

-ബീന സി എം

2016 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പച്ചിലകള്ക്ക് പറയാന്‍ കഴിയാഞ്ഞത് - Beena C M

“എന്താണ് ഇത്രയും ഇരുട്ട്?? പ്രിയനേ.. മഴ പെയ്യാന്‍ പോകയാണോ.. എനിക്ക് കണ്ണ് തുറന്ന്‍ നോക്കിട്ടും ഒന്നും കാണാന്‍ ഇല്ല..” നിലത്തെ ഉണങ്ങിയ ഇലക്കൂട്ടത്തിന്‍റെ മുകളില്‍ പാതി കരിഞ്ഞ ശരീരവുമായി അവള്‍ ഇരിപ്പുണ്ട്.അവളുടെ സമപ്രായക്കാരന്‍ ഒരേ തായ്തടിയില്‍ നിന്ന് ഉണര്ന്ന അവളുടെ തോഴന്‍ അതാ മഞ്ഞച്ചു പോയി.അതുഷ്ണം അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ പാവം ഇണ ഞ്ഞെട്ടറ്റു പിടഞ്ഞു വീണു.അവനു ദുഖം സഹിക്കാനായില്ല.
തന്നാല്‍ ആവുന്നത് അവന് ഇണക്കായി ചെയ്തു.വളരെ പണിപെട്ട് ശരീരത്തെ ക്രമപെടുത്തി അവളുടെ മുകളില്‍ ഒരു കുടപോലെ നിലകൊണ്ടു. ദിവസങ്ങള്‍ കഴിഞ്ഞപോള്‍ പച്ചപ്പ്‌ അവനില്‍ അവശേഷിചില്ല.അവളാകട്ടെ കറുത്ത് കരിഞ്ഞ് അടുത്ത കാറ്റിനു പറന്നുപോകും എന്ന മട്ടില്‍.. യവ്വ്നത്തിലെ അവളുടെ പ്രസരിപ്പ് നഷ്ടപെട്ടെങ്കിലും ഒരു ദീപ്തി അവളെ വലയം ചെയ്തിരുന്നു.
“ഇല്ല പ്രിയേ.. അത് മഴയല്ല..സൂര്യന്‍ അസ്തമിച്ചു.അതാണ്‌ ഇരുള്‍ പരന്നത്..”
“ഇനിയും എത്ര നാള്‍ ദാഹം തീരാതെ...” ഇത് കേള്കവേ അവന്റെ് ഹൃദയമിടിപ്പ് പതിന്മ്ടങ്ങ്‌ കൂടിയെന്ന് അവള്‍ അറിഞ്ഞു..
“പ്രിയനേ.. അങ്ങ് ദുഖിക്കരുതേ..അങ്ങയുടെ പ്രാണവേദന ഞാന്‍ മനസിലാക്കുന്നു.പണ്ട് നമ്മുടെ ചെറുപ്പകാലത്ത് നമ്മുടെ അമ്മ ഈ തായ്തടി
നമുക്കായി ഭൂമിദേവിയില്‍ നിന്ന് എത്രത്തോളം നീരും ഊര്ജവും നല്കി.ഇളംകാറ്റില്‍ നമ്മള്‍ പതിയെ തലകള്‍ ആട്ടി ..മര്മരധ്വനികള്‍ പുറപെടുവിച്ചു.എന്ത് സന്തോഷമായിരുന്നു അന്ന്‍..”
അവന്‍ പതിയെ മൂളി.ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും ഇപ്പോളും പച്ചിലകള്‍ അടക്കം പറയുന്നുണ്ട്.ചില തല തെറിച്ച പച്ചിലകള്‍ ഉച്ചത്തില്‍ ചിരിക്കുന്നു.പലപ്പോഴും അവ കളിയാക്കിയിട്ടു ഉണ്ട്. “അന്ത്യമില്ലാത്ത പ്രണയം” അതേ..ഈ പ്രണയത്തിനു അന്ത്യമില്ല.എന്റെ കണ്ണടഞ്ഞാലും ഞാന്‍ ഇവളെ എന്നോട് ചേര്ത്തു പിടിക്കും.
അന്തരീക്ഷത്തില്‍ പെട്ടന്ന് പതിവിലാത്ത മാറ്റങ്ങള്‍ കണ്ടുതുടങ്ങി.വായാടി പച്ചിലകള്‍ മിണ്ടാതെയായി.അകലെ ആകാശകോണില്‍ ഒരു മിന്നല്പിണര്‍!!!! ദൈവമേ..വിളി വായുവില്‍ എത്തും മുന്നേ കല്ലേറ്പോലെ മഴ..
അവളുടെ മനസ് പിടഞ്ഞു.ഇനി പ്രിയന് അവടെ നില്കാന്‍ ആവില്ല.തന്നെപ്പോലെ ഞെട്ടറ്റു വീഴും.എനിക്കവനെ താങ്ങാന്‍ ഉള്ള ശക്തിയില്ലലോ..പെട്ടന്ന് അവന്‍ അവളെ വിളിച്ചു..
“പ്രിയേ..നിനക്കും എനിക്കും ദാഹം ശമിപ്പിക്കാന്‍ ഈ ഒരു തുള്ളിദാഹനീര് മതി.”പതിയെ അവന്‍ മുന്നോട്ടു കുനിഞ്ഞു ചെന്നു.ഇലതുമ്പിലെ ഒരു തുള്ളി നീരുമായി അവളുടെ ചുണ്ടില്‍ ചുംബിച്ചു..മറ്റൊരു മിന്നല്പിണര്‍ കൂടി ഭൂമി പൂകിയപ്പോള്‍ അമ്മയില്‍ നിന്ന് ആ ഇലയും വേര്പെടുത്തപ്പെട്ടു. ആവി ഉയരുന്ന അടുത്ത പകല്‍ പച്ചിലകള്‍ കണ്ടത് ഒന്നായി തീര്ന്ന ഇരുവരെയുമായിരുന്നു.

വയറ്റാട്ടി - ബീന സി എം

ഒളിപ്പിച്ചുവെച്ച ആയിരം ബാല്യങ്ങള്ക്ക്
ഇന്ന് ഞാനൊരു വയറ്റാട്ടി.
ചുവടുറയ്ക്കും വരേയ്ക്കും ,ഞാന്‍
സംരക്ഷക.

പിന്നെ പിന്തിരിഞ്ഞു നോക്കാതെ
ഒരു ഓട്ടപ്പാച്ചില്‍.
അമ്മ തന്‍ കരങ്ങളിലേക്ക് ,
പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും മുന്നില്‍
ഞാന്‍ അന്നും വയറ്റാട്ടി.
ആയിരം രാവുകള്‍ കഥ പറയാനില്ല,
അരനാഴികനേരം മാറിയിരിക്കാനാവില്ല,
തലമുറതോറും തലപൊങ്ങുമ്പോള്‍
വയറ്റാട്ടി വയറൊഴിഞ്ഞു ഇരിപ്പൂ..
ആത്മനിന്ദ പേറിയോരമ്മ
കണ്ണ്‍ നനച്ച് പോയികളഞ്ഞു.
അമ്മയെ പെറ്റൊരു ആഴിയും
കണ്ണീര്‍ വാര്ത്ത് കാത്തിരിപ്പൂ..
ചെല്ല്ക പൈതലേ..
നിന്നമ്മയതാ വിളിപ്പുറത്തു..
ഉള്ളിലെ നീറും തീയെ അണയ്ക്കട്ടെ ഞാന്‍,
വയറൊഴിഞ്ഞു, ഞാനിനി വിശ്രമ്മിക്കട്ടെ.
ആഴി വിഴുങ്ങിയ കുഞ്ഞിനെ
തിരികേ ചോദിക്കാനാവാതെ
വിതുമ്പുന്നു വയറ്റാട്ടി.
ചുരത്തുന്നു പാല്‍, പകര്ത്തു ന്നു
അലയാഴിയിലേക്ക്.
കാലം വീണ്ടും എന്‍ വയറുപിളര്ന്നു
വീണ്ടും ഒരു പെറ്റമ്മയെ കൂടി രാവില്‍
പുറംതള്ളുമ്പോള്‍ ..
എനിക്കിനിയും ആകണം വയറ്റാട്ടി.
ദൂരകാഴ്ചകളില്‍ സൂര്യചന്ദ്രന്മാര്‍
പുളകം കൊള്ളിക്കുമ്പോളും
വയറൊഴിയാതെ ആധിയുമായി
ഞാനിന്നും വയറ്റാട്ടി.

2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ഒരു ചിരിയുടെ ഓര്‍മ്മക്ക്

ജോലിക്ക് പോകാനുള്ള എളുപ്പം കണക്കിലെടുത്താണ് ഒരു ഫ്ലാറ്റ്ലേക്ക് മാറിയത്. എന്നും രാവിലെ തിരക്കിട്ട് നടന്നു പോവുക പതിവാണ്. എങ്കിലും ബസ്‌ പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഫ്ലാറ്റില്‍ നിന്നുള്ള വഴിയില്‍ രണ്ടാമത്തെ വളവില്‍ ഞാന്‍ സ്പീഡ് കുറയ്ക്കും. ചിരിക്കാന്‍ അറിയാത്ത ഒരു ഒന്നാം ക്ലാസ്സ്‌കാരിക്ക് വേണ്ടി...

ഇപ്പോള്‍ ഒരു സംശയം തോന്നുന്നുണ്ടാകും. നിഷ്കളങ്കമായ കുഞ്ഞു മനസിന്‌ ചിരിക്കാന്‍ അറിയില്ലേ?? അവരുടെ പുഞ്ചിരികള്‍ അല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്?? 
ഞാനും അത് തന്നെ ആണ് ആഗ്രഹിക്കുന്നത്. പക്ഷേ......
എന്നും അവളുടെ ഒപ്പം അവളുടെ അമ്മയും കാണും. അവളെ സ്കൂള്‍ ബസില്‍  കേറ്റാന്‍. രണ്ടു പേരും അച്ചില്ലിട്ടു വാര്‍ത്ത പോലെ സാമ്യം. കടന്നല്‍ കുത്തിയ മുഖവും ആയി നില്‍ക്കുന്ന അമ്മയും മകളും.
ഇപ്പോള്‍ നിങ്ങള്ക്ക് കാര്യം ഏകദേശം മനസിലായില്ലേ?? 
അമ്മയെ പേടിച്ചിട്ട് പാവം ചിരിക്കാതെ നില്ക്കാണ്. എങ്കിലും എന്നും പോകുമ്പോള്‍ ഞാന്‍ ഒരു പുഞ്ചിരി കൈമാറും. അവള്ക്ക് മാത്രം.  ഒരു ദിവസം വൈകീട്ട് ഞാന്‍ ബസ്‌ ഇറങ്ങി നടന്നു പോവുകയാണ് ഫ്ലാറ്റിലേക്ക്. അപ്പോള്‍ അതാ അവള്‍ ഒരു ചുവന്ന ഉടുപ്പും ഇട്ടു അമ്മയുടെ കൈ പിടിച്ചു നടന്നു വരുന്നു. അല്ല അമ്മ അവളെ പിടിച്ചു വലിക്കുന്ന പോലെയാ നമുക്ക് തോന്നുക.. വീണ്ടും ഞാന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു. അവളുടെ അമ്മ ആരെയോ കണ്ടു സംസാരിച്ചു നില്‍പ്പായി. ഞാന്‍ അവരെ കടന്നു പോയി. മനസ്സില്‍ എന്തോ ഇത്തരം ക്രൂരത കാണിക്കുന്ന മനുഷ്യപറ്റിലാത്ത ആളുകളെ ഓര്‍ത്തു മുന്നോട്ട് നടക്കുകയായിരുന്നു പെട്ടെന്നു തിരിഞ്ഞു നോക്കി. 
അവള്‍ എന്നെ നോക്കി നില്‍ക്കുന്നു... ചിരിച്ചു കൊണ്ട്...